1
1
കൊച്ചി: വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. കോട്ടുവള്ളി കൂനമ്മാവ് പള്ളിക്കടവ് റോഡിലെ ട്രാന്‍സ്ഫോര്‍മറിന് സമീപം ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിലാണ് പട്ടാപകല്‍ കവര്‍ച്ച നടന്നത്. 14 പവന് സ്വര്‍ണ്ണാഭരണങ്ങളും 15,000 രൂപയുമാണ് മോഷ്ടാവ് അപഹരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വൈകീട്ട് മൂന്നോടെ വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ അടുക്കളവാതില്‍ തകര്‍ത്തു കിടക്കുന്നത് കാണുകയും തുടര്‍ന്നുള്ള പരിശോധനയില്‍ സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടതായി തിരിച്ചറിയുകയുമായിരുന്നു. വീടിന്റെ മുന്നിലെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ പിന്നിലൂടെ അടുക്കളവാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീടിന്റെ താഴത്തെ നിലയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഷീലയുടെ ഒരു പവന് തൂക്കം വരുന്ന മൂന്ന് വളകളും രണ്ട് പവന് തൂക്കമുള്ള ഒരു തടവളയും ഉള്‍പ്പെടെ 5 പവന് സ്വര്‍ണ്ണവും 15,000 രൂപയും വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന മകന്റെ ഭാര്യ ജോവന്റെ മുറിയിലെ അലമാര തുറന്ന് അതിലുണ്ടായിരുന്ന 9 പവന് സ്വര്‍ണ്ണാഭരണങ്ങളുമാണ് കവര്‍ന്നത്. എന്നാല്‍ അലമാരയില്‍ തന്നെയുണ്ടായിരുന്ന 50,000 രൂപ മോഷ്ടാവിന്റെ ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ നഷ്ടപ്പെട്ടില്ല.
വീടിന്റെ പിന്നിലൂടെ തന്നെയാണ് മോഷ്ടാവ് സ്ഥലം വിട്ടതെന്ന് പോലിസ് സംശയിക്കുന്നു. മോഷണം നടന്ന ഭാഗത്ത് സിസിടിവി കാമറകള്‍ ഇല്ലെങ്കിലും സമീപത്തെ കാമറകള്‍ വരാപ്പുഴ പോലിസ് പരിശോധിച്ചു വരികയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ഒരാള്‍ മൂന്ന് തവണ വീടിന്റെ പരിസരത്ത് കൂടി നടക്കുന്നത് കണ്ടതായി ഒരു സ്ത്രീ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് സമീപത്തെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഭാഗങ്ങളില്‍ പരിശോധന നടത്തുകയും മോഷ്ടാവിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു.