Popular Posts

whatsapp image 2026 06 19 at 5.30.31 pm

ബജറ്റ് 2026: രജിസ്‌ട്രേഷന്‍ വകുപ്പിന് 27.7 കോടി രൂപ;വരുമാന വര്‍ധനവിനും സുതാര്യതയ്ക്കും മുന്‍ഗണനയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനായി 27.7 കോടി രൂപ വകയിരുത്തിയതായി സ്‌പോര്‍ട്‌സ്, യുവജനക്ഷേമ, രജിസ്‌ട്രേഷന്‍, മ്യൂസിയം പുരാവസ്തു, പുരാരേഖാ വകുപ്പു മന്ത്രി ഒ ജെ ജനീഷ്. ഭൂമിയുടെ ന്യായവില വിപണി യാഥാര്‍ഥ്യങ്ങള്‍ക്കനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്രമായി പരിഷ്‌കരിക്കാനും നിലവിലുള്ള എല്ലാ ന്യായവില അപ്പീലുകളും പ്രത്യേക അദാലത്തുകളിലൂടെ 2026 ഒക്ടോബര്‍ 31-നകം സമയബന്ധിതമായി തീര്‍പ്പാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. ഡിജിറ്റല്‍ സ്റ്റാംപിങ് സംവിധാനം കൂടുതല്‍ മേഖലകളിലേക്കും സ്വകാര്യ ഇന്‍ഷുറന്‍സ്, നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളിലേക്കും (NBFC) വ്യാപിപ്പിക്കുന്നതിലൂടെ പേപ്പര്‍ രഹിത ഇടപാടുകളും വ്യവസായ സൗഹൃദാന്തരീക്ഷവും ശക്തമാകും.

ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന അണ്ടര്‍ വാലുവേഷന്‍ കേസുകള്‍ പരിഹരിക്കാന്‍ ആകര്‍ഷകമായ ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി (OTS) ആവിഷ്‌കരിച്ചതിനൊപ്പം, 2010 മാര്‍ച്ച് 31 വരെയുള്ള പതിനായിരം രൂപയില്‍ താഴെയുള്ള ചെറുകിട കുടിശ്ശികകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളിയത് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമായി മാറും.

കൂടാതെ, ലൈസന്‍സുള്ള വെണ്ടര്‍മാരുടെ സ്റ്റാംപ് പേപ്പര്‍ വില്‍പ്പന പരിധി ഒരു ലക്ഷത്തില്‍ നിന്നും 3 ലക്ഷം രൂപയായി ഉയര്‍ത്തിയതും, K-RERA യില്‍ രജിസ്റ്റര്‍ ചെയ്ത പരിസ്ഥിതി സൗഹൃദ വില്ലകള്‍ക്ക് മുദ്രവില നിരക്ക് 4 ശതമാനമായി കുറച്ചതും നിര്‍മ്മാണ-ധനകാര്യ മേഖലകള്‍ക്ക് വലിയ ഉത്തേജനം നല്‍കും. ഒപ്പം അണ്ടര്‍വാല്യുവേഷന്‍ കേസുകളില്‍ അന്തിമ ഉത്തരവിന് ശേഷവും കുടിശ്ശിക വരുത്തുന്ന തുക വസ്തുവിന്മേലുള്ള ബാധ്യതയായി (Charge on Property) കണക്കാക്കാനുമുള്ള വ്യവസ്ഥകള്‍ സര്‍ക്കാരിന്റെ റവന്യൂ വരുമാനം കാര്യക്ഷമമായി സംരക്ഷിക്കുന്നതോടൊപ്പം ഭാവിയില്‍ വസ്തു വാങ്ങുന്നവര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *