1
1
തിരുവനന്തപുരം: 2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടര്‍ന്ന് ഈ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ വന്‍ കുറവാണ് രേഖപ്പെടുത്തിയതെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി വിഡി സതീശന് ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി ചെലവിലെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കാന്‍ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തി കബളിപ്പിക്കുകയായിരുന്നു എന്ന് ബജറ്റ് ആമുഖത്തില്‍ കുറ്റപ്പെടുത്തുന്നു. നിലവില്‍ കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയും ഉള്‍പ്പെടെ സര്‍ക്കാരിന് മേലുള്ള ആകെ സാമ്പത്തിക ബാധ്യത 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്ഷന് പരിഷ്കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും വലിയ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരുമെന്നും ബജറ്റ് ആമുഖത്തില്‍ പറയുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. കടുത്ത ധനപ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ‘ഇന്ദിര ഗാരന്റി’യിലെ രണ്ട് ഗാരന്റികള്‍ സര്‍ക്കാര്‍ നടപ്പാക്കി. കൂടാതെ ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്കീം വര്‍ക്കര്‍മാരുടെ വേതനവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡെമോഗ്രാഫിക് ഡിവിഡന്റ് ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നിലവില്‍ സംസ്ഥാനം കടന്നുപോകുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വയോജനങ്ങള്‍ക്ക് കൃത്യമായ കൈത്താങ്ങാകാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റ് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, വിവിധ മേഖലകളില്‍ വന്‍കിട നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, ഖജനാവിലേക്ക് പണം സമാഹരിക്കുക എന്നിവയിലൂടെ ആ സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം ഉറപ്പാക്കുക എന്നതാണ് ഈ പുതുക്കിയ ബജറ്റിന്റെ ലക്ഷ്യം. ഇതിനായി നിരവധി സ്വപ്ന പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നതെന്നും ബജറ്റ് ആമുഖത്തില്‍ വ്യക്തമാക്കുന്നു.
ബജറ്റിലെ പ്രഖ്യാപനങ്ങളുടെ പൂര്‍ണരൂപം
1. അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക പദ്ധതികളും
മിഷന് സമുദ്ര: സംസ്ഥാനത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് മിഷന് സമുദ്ര അവതരിപ്പിക്കുന്നത്. കേരളത്തെ റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവയുമായി ബന്ധിപ്പിച്ചു തുറമുഖ നഗരമാക്കാനുള്ള സമഗ്ര പദ്ധതിയാണിത്. ഇതിലൂടെയുണ്ടാകുന്ന തൊഴിലവസരങ്ങളില്‍ തീരദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും.
സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ചു തന്ത്രപരമായ ഏകീകൃത സാമ്പത്തിക മേഖല സൃഷ്ടിക്കും.
ഏവിയേഷന്‍-ലോജിസ്റ്റിക്സ് ഹബ്ബ്: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഹബ്ബാക്കും.
ഇന്‍വെസ്റ്റ് കേരളം സെല്‍: നിക്ഷേപകര്‍ക്ക് ഭൂമി, നിയമപരമായ അനുമതികള്‍, നിക്ഷേപാനന്തര പിന്തുണ എന്നിവ നല്കുന്ന ഏകജാലക സംവിധാനം.
കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്കീം: സംസ്ഥാനത്തുടനീളം പതിനായിരത്തോളം പുതിയ എം.എസ്.എം.ഇ സംരംഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടും ടെക്നോ-മെന്റര്‍മാരുടെ സഹായവും നല്‍കും.
സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് സോണ്‍: ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനല്‍കുന്ന പ്രത്യേക സാമ്പത്തിക മേഖല.
ലൈറ്റ് മെട്രോ: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കും.
സാമ്പത്തിക വിഹിതം: 2026-27 വര്‍ഷത്തെ പദ്ധതി അടങ്കല്‍ തുക 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയര്‍ത്തി.
പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്: റെമിറ്റന്‍സ് ഇക്കോണമിയില്‍ നിന്ന് ഇന്‍വെസ്റ്റ്മെന്റ് ഇക്കോണിയായി മാറാന്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കും.
വ്യവസായ ഹബ്ബുകള്‍: പെരുമ്പാവൂരില്‍ ഫര്‍ണിച്ചര്‍ ഹബ്ബും, അതോടൊപ്പം സ്വര്‍ണ വിനിമയ കേന്ദ്രവും ആഭരണ നിര്‍മ്മാണ പാര്‍ക്കും സ്ഥാപിക്കും.
ലാന്റ് മാനേജ്മെന്റ് നയം: ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ പഴയ ഭൂനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കും.
2. കാര്‍ഷിക, ക്ഷീര, തീരദേശ മേഖലകള്‍
റബര്‍ താങ്ങുവില: റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയായി വര്‍ധിപ്പിക്കും.
ക്ഷീരവികസനം: മൂന്ന് വര്‍ഷത്തിനുള്ളില്‍ പാലിന്റെ പ്രതിദിന ഉല്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തും.
തീരദേശ ക്ഷേമം: മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് സബ് പ്ലാന്‍ ആവിഷ്കരിക്കും. മണ്ണെണ്ണ സബ്സിഡി 75 രൂപയായി ഉയര്‍ത്തും. അപകട ഇന്‍ഷുറന്‍സ് പുതുക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെസ്ക്യൂ ബോട്ടുകളും വനിതകള്‍ക്ക് മത്സ്യ വിപണനത്തിന് ‘ഷീ സ്കൂട്ടറുകളും’ അനുവദിക്കും. എല്ലാ തീരദേശവാസികള്‍ക്കും പട്ടയം ലഭ്യമാക്കും. മുതലപ്പൊഴി ഹാര്‍ബറിന്റെ അപാകതകള്‍ പരിഹരിക്കും.
കൃഷി സഖി: വനിതാ കര്‍ഷക വികസനത്തിനായി പ്രത്യേക പരിപാടി നടപ്പാക്കും.
മറ്റ് പദ്ധതികള്‍: മലയോര മേഖലയില്‍ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും, പട്ടയവിതരണ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി കൊണ്ടുവരും.
3. വിദ്യാഭ്യാസം, തൊഴില്‍, യുവജന ക്ഷേമം
കേരള നോളജ് വാലി: വിദേശത്തെ ലെഗസി യൂനിവേഴ്സിറ്റികളെ ഉള്‍പ്പെടെ ആകര്‍ഷിച്ചു കേരളത്തെ ഉന്നതവിദ്യാഭ്യാസ ലക്ഷ്യസ്ഥാനമാക്കും.
വയനാട് ട്രൈബല്‍ സര്‍വകലാശാല: ആദിവാസി സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകവും പരമ്പരാഗത വിജ്ഞാനവും സംരക്ഷിക്കാന്‍ തദ്ദേശീയ വിജ്ഞാന മേഖലയോടു കൂടി ആരംഭിക്കും.
ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍: മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെക്കുറിച്ച് പഠിച്ചു യുവജനങ്ങളെ സജ്ജരാക്കും.
റാഗിങ് വിരുദ്ധ നടപടികള്‍: റാഗിങ് തടയാന്‍ ‘Sidharthan Student Distress App’, വിദ്യാര്‍ത്ഥി ക്ഷേമത്തിനായി ‘Sidharthan Anti Ragging & Student Welfare Act’ എന്നിവ നടപ്പാക്കും. അക്കാദമിക് വിഷയങ്ങളില്‍ അമിത രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാന്‍ അക്കാദമിക് കൗണ്‍സില്‍ രൂപീകരിക്കും.
ബഹിരാകാശ ഗവേഷണം: സാറ്റലൈറ്റ് സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിര്‍മ്മാണ/വിക്ഷേപണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.
മറ്റ് വിദ്യാഭ്യാസ പദ്ധതികള്‍: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസര്‍ച്ച് സംവിധാനങ്ങള്‍ ഐഐടി മദ്രാസ് റിസര്‍ച്ച് പാര്‍ക്ക് മാതൃകയില്‍ വിപുലീകരിക്കും. ബിരുദധാരികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാന്‍ ബ്രിഡ്ജ് പ്രോഗ്രാമുകള്‍ കൊണ്ടുവരും. ‘സെമസ്റ്റര്‍ ഇന്‍ കേരള’ പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും. കാമ്പസുകളില്‍ വിദ്യാര്‍ത്ഥി വൈവിധ്യവല്‍ക്കരണത്തിന് പരിഗണന നല്‍കും. ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംബര്‍ പദ്ധതി ആവിഷ്കരിക്കും.
4. ആരോഗ്യം, സാമൂഹിക സുരക്ഷ, വയോജന ക്ഷേമം
ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കും.
കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവന്ന് കേരളത്തെ പ്രമുഖ മെഡിക്കല്‍ ഡെസ്റ്റിനേഷനാക്കും. ചികിത്സാ ചെലവുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും.
മെഡിക്കല്‍ കോളജുകള്‍: കാസര്‍ഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളജുകളുടെ ശോച്യാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജ് പ്രവര്‍ത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക തീര്‍ക്കും.
പ്രത്യേക ഹെല്‍ത്ത് ക്ലസ്റ്ററുകള്‍: ആദിവാസി മേഖലകളില്‍ ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും തീരദേശത്ത് കോസ്റ്റല്‍ കെയര്‍ യൂനിറ്റുകളും സ്ഥാപിക്കും.
അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള സഹായം: എസ്.എം.എ. അടക്കമുള്ള അപൂര്‍വ്വ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കും. ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ഇന്‍സുലിനും, ഇന്‍സുലിന്‍ പമ്പും, ഗ്ലൂക്കോസ് മോണിറ്ററിങ് സെന്‍സറുകളും നല്‍കും.
സില്‍വര്‍ ഇക്കോണമി: വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന പദ്ധതി വികസിപ്പിക്കും. അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കും.
പരമ്പരാഗത വ്യവസായങ്ങള്‍: സ്ത്രീ തൊഴിലാളികള്‍ കൂടുതലുള്ള കശുവണ്ടി, കയര്‍, കൈത്തറി വ്യവസായങ്ങള്‍ക്ക് വേതന സഹായം (Income support scheme) നല്‍കും. പൂട്ടി കിടക്കുന്ന ഫാക്ടറികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ഗിഗ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍ കൊണ്ടുവരും.
മറ്റ് പദ്ധതികള്‍: വണ്‍ കേരള കരുതല്‍ മിഷന് വഴി ഗുരുതര രോഗബാധിതര്‍ക്കും പാവപ്പെട്ടവര്‍ക്കും നേരിട്ട് സഹായം എത്തിക്കും. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം, സ്നേഹപൂര്‍വ്വം, താലോലം, ക്യാന്‍സര്‍ സുരക്ഷ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കും.
5. വിനോദസഞ്ചാരം, കല, സംസ്കാരം
ടൂറിസത്തിന് വ്യവസായ പദവി: ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കും. തോട്ടം മേഖലയില്‍ കൂടുതല്‍ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാന്‍ നിയമഭേദഗതി കൊണ്ടുവരും.
തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട്: അര്‍ത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചു പദ്ധതി നടപ്പാക്കും.
അന്തര്‍ദേശീയ മാരിടൈം മ്യൂസിയം: സമുദ്രയാത്രാ ചരിത്രം, കപ്പല്‍ നിര്‍മ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.
ജെ.സി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി: കൊച്ചിയില്‍ ‘ചിത്രനഗരം’ സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നല്‍കും.
സ്മാരകങ്ങളും സാംസ്കാരിക പാര്‍ക്കുകളും:
കോഴിക്കോട് എംടി വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക്.
തൃശ്ശൂരില്‍ സംഗീത സംവിധായകന് ജോണ്സണ് മാസ്റ്ററുടെ പേരില്‍ പുതിയ മ്യൂസിക് അക്കാദമി.
കോഴിക്കോട് ഗായകന് ഉമ്പായിയുടെ നാമധേയത്തില്‍ മ്യൂസിക് അക്കാദമി.
ആര്‍ട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കള്‍ച്ചറല്‍ സെന്റര്‍ ആന്‍ഡ് മ്യൂസിയം.
ഡല്‍ഹിയില്‍ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്കാരിക കേന്ദ്രവും.
എറണാകുളത്ത് നടന് സലിംകുമാറിന് സ്മാരകം.
തിരുവനന്തപുരം പട്ടത്ത് മുന്‍ മുഖ്യമന്ത്രി ആര്. ശങ്കറിന് സ്മാരക മന്ദിരം.
ചാലക്കുടിയില്‍ പനമ്പള്ളി ഗോവിന്ദ മേനോന് സ്മാരകം.
മറ്റ് പദ്ധതികള്‍: കേരളത്തിന്റെ തനതായ പാചക കല ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താന്‍ പാചകകലാ ഇന്റസ്റ്റിറ്റിയൂട്ട് (Culinary Institute) സ്ഥാപിക്കും. അതിരപ്പള്ളിയില്‍ ഇക്കോ-ഫ്രണ്ട്ലി ഡൈനമിക് ലൈറ്റിങ് പദ്ധതി നടപ്പാക്കും. മലബാറില്‍ ലോക നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കും. ‘ബ്രാന്‍ഡ് കേരളം’ വഴി സുഗന്ധവ്യഞ്ജനങ്ങള്‍, കയര്‍, ഹാന്‍ഡ്ലൂം ഉല്‍പ്പന്നങ്ങള്‍ എന്നിവ ബ്രാന്‍ഡ് ചെയ്യും.
6. ക്രമസമാധാനം, സുരക്ഷ, പരിസ്ഥിതി
സ്ത്രീ-ശിശു സുരക്ഷ: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറന്‍സ് നിലപാട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ‘മകള്‍ക്കൊപ്പം’ പദ്ധതി നടപ്പാക്കും.
ലഹരിവിരുദ്ധ നടപടികള്‍: പുതുതലമുറ ലഹരി വസ്തുക്കള്‍ തിരിച്ചറിയാന്‍ എല്ലാ എക്സൈസ് ഓഫീസുകളിലും ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ലഭ്യമാക്കും. ‘ഓപ്പറേഷന് തൂഫാന്’ വ്യാപിപ്പിക്കും.
കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍: പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച മുന്‍കൂട്ടി മുന്നറിയിപ്പ് നല്കുന്ന സംവിധാനങ്ങള്‍, കാലാവസ്ഥാ മോഡലിംഗ്, ജിയോ സ്പേഷ്യല്‍ ഇന്റലിജന്‍സ് എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.
വന്യജീവി സംഘര്‍ഷം: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും, ബജറ്റ് വിഹിതം ഉയര്‍ത്തും.
കാര്‍ബണ്‍ ന്യൂട്രല്‍ കേരളം: 2050-ഓടു കൂടി കേരളത്തെ പൂര്‍ണ്ണമായും കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രോത്സാഹിപ്പിച്ചു കേരളത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബാക്കും.
റോഡ് സംസ്കാരം: കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും.
7. ഭരണനിര്‍വഹണം, പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമം, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍
പ്രത്യേക സാമ്പത്തിക വിഹിതം: പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപയും പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപയും കൂടുതലായി അനുവദിച്ചു. മത്സ്യബന്ധന മേഖലയ്ക്ക് 50 കോടി രൂപ അധികമായി നല്കി.
നിയമ നിര്‍മാണം: എസ്സി/എസ്ടി വിഭാഗങ്ങള്‍ക്കായി വകയിരുത്തിയ തുക കൃത്യമായി സമയബന്ധിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിയമം കൊണ്ടുവരും. ഇവര്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതിയും സ്പെഷ്യല്‍ റിക്രൂട്ട്മെന്റും നടത്തും.
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍: സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ/ ഡി.ആര് മുടക്കം കൂടാതെ നല്‍കും. മെഡിസെപ് പരിഷ്കരിക്കും. അഷ്വേഡ് പെന്ഷന് പദ്ധതിയിലെ അവ്യക്തത പരിശോധിച്ച് എന്‍.പി.എസ് സംവിധാനം പരിഷ്ക്കരിക്കും. കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കും, നോണ്‍ ജേണലിസ്റ്റ് പെന്ഷന് തുക വര്‍ധിപ്പിക്കും.
തദ്ദേശ ഭരണം & മറ്റു സഹായങ്ങള്‍: ഗ്രാമസഭയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാന്‍ സൗകര്യം ഒരുക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയര്‍ത്തും. സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നല്കാന് നിക്ഷേപ ഗ്യാരന്റി സ്കീമില്‍ മാറ്റം വരുത്തും. ഇ-ഗ്രാന്റ് കുടിശ്ശിക സമയബന്ധിതമായി തീര്‍പ്പാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കും.
8. പ്രാദേശിക വികസന പാക്കേജുകള്‍
വിലങ്ങാട് പാക്കേജ്: ഉരുള്‍പൊട്ടലിലുണ്ടായ വിലങ്ങാടിന്റെ പുനര്‍നിര്‍മ്മിതിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.
ജില്ലാ പാക്കേജുകള്‍: വയനാട്, കാസര്‍കോട്, ഇടുക്കി ജില്ലകള്‍ക്കായുള്ള പ്രത്യേക വികസന പാക്കേജുകള്‍ ഊര്‍ജ്ജിതമായി നടപ്പാക്കും.