Popular Posts

post size copy 2

സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍;സര്‍ക്കാര്‍ വകുപ്പുകളില്‍ ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാരെ നിയമിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മപരിപാടികള്‍ ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഭരണ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ എല്ലാ വകുപ്പുകളിലും ‘ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാരെ’ നിയമിക്കും. ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥരായിരിക്കും ഈ ചുമതല വഹിക്കുക. ധനപരമായ ചട്ടങ്ങള്‍ സംബന്ധിച്ച വ്യക്തതയില്ലാതെ വിവിധ വകുപ്പുകളില്‍ നിന്ന് ധനകാര്യ വകുപ്പിലേക്ക് എത്തുന്ന ഫയലുകള്‍ ഭരണനടപടികളില്‍ കാലതാമസമുണ്ടാക്കുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാനാകും. ധനകാര്യ വകുപ്പിന്റെ അധികാരങ്ങള്‍ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിക്കുന്ന ഈ നടപടി ഭരണസംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎംശ്രീ പദ്ധതിയിലെ കരിക്കുലം നിശ്ചയിക്കുന്നതില്‍ സംസ്ഥാനത്തിന്റെ പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ കേരളം പിഎംശ്രീ പദ്ധതിയുടെ ഭാഗമാണ്. അതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അവകാശങ്ങള്‍ നഷ്ടപ്പെടുത്താതെ സംരക്ഷിക്കും. പദ്ധതിയില്‍ നിന്നും 99 കോടിയിലധികം രൂപ കേരളത്തിന് ലഭിച്ചിട്ടുണ്ടെന്നും 106 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളെ തിരഞ്ഞെടുക്കാനുള്ള അവകാശവും സംസ്ഥാന സര്‍ക്കാരിനായിരിക്കും. സംസ്ഥാനത്തിന്റെ ആശയപരമായ ഇത്തരം നിലപാടുകള്‍ രൂപീകരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ കണ്‍വീനറായും മന്ത്രിമാരായ റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവര്‍ അംഗങ്ങളായുമുള്ള മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

കാലഹരണപ്പെട്ട പ്രൊക്യൂര്‍മെന്റ് മാനുവല്‍ സമഗ്രമായി പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇ-പ്രൊക്യൂര്‍മെന്റ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായ സുതാര്യമായ പുതിയ മാനുവല്‍ തയ്യാറാക്കും. ഇതിനായി പൊതുമരാമത്ത്, ടൂറിസം, ഐടി, ഉന്നത വിദ്യാഭ്യാസം, ജലവിഭവം എന്നീ വകുപ്പുകളുടെ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉപസമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതിയില്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി അഡ്വ. മുഹമ്മദ് ഷാഫിയെ നിയമിച്ചു. കേരള കാഷ്യൂ ബോര്‍ഡിന്റെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായി ജി ഉണ്ണികൃഷ്ണനെ നിയമിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് പരിയത്തുകാവില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഏഴ് കുടുംബങ്ങളുടെ ഭൂമിതര്‍ക്കം സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ പരിഹരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. തര്‍ക്കഭൂമിയില്‍ തന്നെ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം ഭൂമിയും 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളും സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കും. കുടുംബങ്ങള്‍ക്ക് ആവശ്യമായ പൊതുവഴിയും പഞ്ചായത്ത് നിര്‍മ്മിക്കും. ഭൂമിതര്‍ക്ക പരിഹാരത്തിനായി നേതൃത്വം നല്‍കിയ മന്ത്രി റോജി എം ജോണിനെയും കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *